
കോഴിക്കോട്: സിനിമാ സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. പീഡനപരാതി നല്‍കിയ യുവാവിന്റെ മൊഴിയില്‍ അവ്യക്തതകളും സംശയങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അധികാരം ഉപയോഗിച്ച് െൈലംഗിക പീഡനക്കേസ് റദ്ദാക്കിയത്.പീഡനം നടന്നെന്ന് പറഞ്ഞിട്ടും യുവാവ് പരാതി നല്‍കാന്‍ 12 വര്‍ഷം കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഹോട്ടല്‍ അക്കാലത്ത് നിര്‍മിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. അതിനാല്‍, രഞ്ജിത്തിനെതിരായ കേസ് തുടരുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമായി കാണണമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2012ല്‍ ബംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസില്‍ രഞ്ജിത്തിനെതിരെയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ കോടതി തടഞ്ഞിരുന്നു. രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടി നല്‍കിയ ഒരു കേസ് മാത്രമാണ് ഇനി ബാക്കിയുള്ളൂ.