കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കിയത്. മരട് സ്വദേശി എന്‍ പ്രകാശ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ദേവസ്വം ബോര്‍ഡുകളോട് കോടതി നിര്‍ദേശിച്ചു.
ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പരിപാടികളുടെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ദേവസ്വംബോര്‍ഡുകളുടെ നിലപാട്. എന്നാല്‍, മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ വകുപ്പ് മൂന്ന്, ക്ഷേത്രപരിസരങ്ങള്‍ രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഉത്തരവ്.