ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം:ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക

Update: 2022-01-12 04:14 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹരിദ്വാറിലെ ധരം സന്‍സദ് സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക.

ഡിസംബര്‍ 17നും 21നും ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന ഹിന്ദു സന്യാസി പരിപാടികള്‍ക്കിടേ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തിങ്കളാഴ്ച അനുവാദം നല്‍കിയിരുന്നു. അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശ്, മാധ്യമ പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എന്നിവരാണ് വിഷയത്തില്‍ അടിന്തര പ്രാധാന്യത്തോടെ സുപ്രിംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.

ഹരിദ്വാറില്‍ നടന്ന മൂന്ന് ദിവസത്തെ ധരം സന്‍സദില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് അക്രമത്തിനും കൊലപാതകത്തിനും ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടന്നിരുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ മുസ്‌ലിംകളെ കൊല്ലണമെന്ന തുറന്ന ആഹ്വാനവും ചടങ്ങില്‍ ഉയര്‍ന്നുവന്നിരുന്നു.സമ്മേളനത്തെ അഭിസംബോധന ചെയ്ത യതി നരസിംഹാനന്ദ്, മുസ്‌ലിംകള്‍ക്കെതിരായ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും,ഹിന്ദുക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

പരിപാടിയുടെ വീഡിയോകള്‍ വൈറലായതോടെ, ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഹരിദ്വാര്‍ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. സംസ്ഥാന പോലിസ് ഡയറക്ടര്‍ ജനറല്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കി.അതേസമയം, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെയും ജനുവരി 16 ന് പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ പ്രഖ്യാപിച്ചു.

Tags: