കയ്യും കാലും തല്ലിയൊടിക്കും; കയ്യേറ്റം ഒഴിപ്പിച്ച വനിതാ തഹസില്‍ദാര്‍ക്ക് ദേവികുളം എംഎല്‍എയുടെ ഭീഷണി
ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യല്‍ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎല്‍എ അഡ്വ. എ രാജ. സ്പെഷ്യല്‍ തഹസില്‍ദാര്‍ സി വി ഗായത്രിയേയാണ് ഫോണില്‍ വിളിച്ച് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎല്‍എ പറയുന്ന ഓഡിയോ പുറത്തുവന്നു. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി ഗായത്രിയേയാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. നിയമപരമായി മുന്നോട്ട് പോകുമെന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ സി വി ഗായത്രി അറിയിച്ചു.
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അവധി ദിവസങ്ങളില്‍ പോലും ഇത് ലംഘിച്ച് നിര്‍മ്മാണം തുടര്‍ന്നപ്പോള്‍, നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഈ നടപടികള്‍ക്കെതിരേയാണ് എ രാജ എംഎല്‍എ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകര്‍ക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎല്‍എയുടെ വാദം.
കെട്ടിടനിര്‍മാണത്തിന് എന്‍ഒസി നല്‍കാത്തതിനെതിരേ എ രാജയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. മേഖലയിലെ പട്ടയഭൂമിയില്‍ വീട് നിര്‍മാണത്തിന് ഉള്‍പ്പെടെ എന്‍ഒസി നല്‍കാത്തതിനെതിരേയായിരുന്നു ധര്‍ണ. സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ പഞ്ചായത്ത് പെര്‍മിറ്റ് ഉപയോഗിച്ച് വീട് നിര്‍മിക്കാനാകും. എന്നാല്‍, മൂന്നാര്‍ അടക്കമുള്ള 13 വില്ലേജുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ തഹസില്‍ദാരില്‍ നിന്നോ സബ് കലക്ടറില്‍ നിന്നോ എന്‍ഒസി നേടേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ എട്ടുമാസമായി ഈ മേഖലയില്‍ എന്‍ഒസി അനുവദിച്ചു നല്‍കുന്നില്ല. ലൈഫ് മിഷന്‍ പദ്ധതി വഴി വീട് ലഭിച്ചവര്‍ക്കും എന്‍ഒസി ലഭിക്കുന്നില്ലെന്ന് എംഎല്‍എ ആരോപിച്ചു.
സധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുമ്പോഴും ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എംഎല്‍എയ്ക്ക് മറുപടിയില്ല. പണമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും തഹസില്‍ദാര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എ രാജ ആരോപിച്ചു. എന്നാല്‍ ആരാണ് കൈക്കൂലി വാങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ എംഎല്‍എ തയ്യാറായില്ല.

