ഇസ്രായേലിനെതിരായ ലോക രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത് ഹമാസ്
ഗസ: ഗസയിലെ അതിക്രൂര നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത് ഹമാസ്. ശരിയായ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്നാണ് ഹമാസ് പ്രസ്താവനയെ വിശേഷിപ്പിച്ചത്.
ഗസയിലെ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി അധിനിവേശ നയത്തിനും സയണിസ്റ്റ് വംശഹത്യയ്ക്കും നിര്‍ബന്ധിത നാടുകടത്തലിനും എതിരായ തത്വാധിഷ്ഠിത നിലപാടാണ് ഈ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നതെന്ന് ഹമാസ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഗസയിലെ ഫലസ്തീന്‍ ജനതയ്ക്കെതിരായ അധിനിവേശ ഫാസിസം, വംശഹത്യ, വംശീയ ഉന്മൂലനം എന്നിവ അവസാനിപ്പിക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ഇത്തരം നടപടികള്‍ അനിവാര്യമാണെന്ന് ഹമാസ് പ്രതികരിച്ചു.
ഗസയില്‍ ഇസ്രായേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന. ഇസ്രായേല്‍ സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ തങ്ങള്‍ നോക്കിനില്‍ക്കില്ലെന്നും സൈനിക ആക്രമണം അവസാനിപ്പിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2025 മാര്‍ച്ച് 18 ന് പുലര്‍ച്ചെയാണ് ഇസ്രായേല്‍ ഗാസയില്‍ സൈനിക ആക്രമണം പുനരാരംഭിച്ചത്, പ്രദേശത്തുടനീളം വ്യോമാക്രമണം നടത്തി. അതിനുശേഷം 12,000-ത്തിലധികം ഫലസ്തീനികള്‍്‌കൊല്ലപ്പെട്ടു.ഫലസ്തീന്‍ പ്രതിരോധ വിഭാഗങ്ങളുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം നടന്നത്. ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന ഈ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവരുടെ മധ്യസ്ഥതയിലായിരുന്നു.
2023 ഒക്ടോബര്‍ 7 മുതല്‍, ഇസ്രായേല്‍ സൈന്യം പൂര്‍ണ്ണ അമേരിക്കന്‍ പിന്തുണയോടെ ഗസയില്‍ വംശഹത്യ നടത്തിവരികയാണ്. ഇതിന്റെ ഫലമായി 174,500-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 14,000-ത്തിലധികം പേരെ കാണാതായിട്ടുണ്ട്.

