മസ്ജിദുല്‍ അഖ്‌സ തീവെപ്പിന്റെ 56ാം വാര്‍ഷികത്തില്‍ 'വിശാല ഇസ്രായേലി'നെതിരേ ഹമാസിന്റെ മുന്നറിയിപ്പ്
ഗസ സിറ്റി: വിശുദ്ധ ഭൂമിയില്‍ ഇസ്രായേലിന് അവകാശങ്ങളൊന്നുമില്ലെന്നും വിശുദ്ധഭൂമിയുടെ ഇസ്‌ലാമിക സ്വത്വം ഇല്ലാതാക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്നും ഹമാസ്. അധിനിവേശ ജെറുസലേമിലെ മസ്ജിദുല്‍ അഖ്‌സയ്ക്ക് ജൂത കുടിയേറ്റക്കാര്‍ തീയിട്ടതിന്റെ 56ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.
ആസ്‌ത്രേലിയന്‍ ജൂതനായ മൈക്കല്‍ ഡെന്നിസ് റോഹനാണ് 1969 ആഗസ്റ്റ് 21ന് മസ്ജിദുല്‍ അഖ്‌സയ്ക്ക് തീ വച്ചത്. അല്‍ അഖ്സ കോംപൗണ്ടിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ഖിബ്ലി പള്ളിയുടെ കിഴക്കന്‍ ഭാഗത്തെ മുഴുവന്‍ വസ്തുക്കളും സലാഹുദ്ദീന്‍ പള്ളി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പ്രസംഗപീഠം ഉള്‍പ്പെടെയുള്ളവയും തീജ്വാലകള്‍ വിഴുങ്ങി.
അല്‍ ഖുദ്സും അല്‍ അഖ്സയും ഫലസ്തീന്‍ പോരാട്ടത്തിന്റെ ശാശ്വത പ്രതീകമായും ഫലസ്തീന്‍ ജനതയ്ക്കും ഇസ്ലാമിക സമൂഹത്തിനും ഐക്യത്തിന്റെ സ്മരണാ സൂചകമായും നിലനില്‍ക്കുമെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. മസ്ജിദുല്‍ അഖ്‌സയുടെ ഒരു ഇഞ്ച് സ്ഥലത്തുപോലും പരമാധികാരം ഉറപ്പിക്കാന്‍ ഇസ്രായേലിനെ അനുവദിക്കാതിരിക്കാന്‍ ഫലസ്തീനികള്‍ എന്തുവിലയും നല്‍കും. ഇസ്രായേലിന്റെ അഭിലാഷങ്ങള്‍ ചരിത്രപരമായ ഫലസ്തീനിനപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി ഹമാസ് മുന്നറിയിപ്പ് നല്‍കി.
