ഗസ സിറ്റി: ഗസയില്‍ അന്താരാഷ്ട്ര ഭരണം ഏര്‍പ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ത്ത് ഹമാസ്. ഗസയില്‍ അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്സിനെ വിന്യസിക്കുന്നതിനും പരിവര്‍ത്തന ഭരണം സ്ഥാപിക്കുന്നതിനും മാന്‍ഡേറ്റ് നല്‍കുന്ന അമേരിക്കയുടെ പ്രമേയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പു നടക്കാനിരിക്കെയാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്‍ ഇതര സ്ഥാപനങ്ങള്‍ക്ക് ഗസയുടെ ഭരണത്തിലും സുരക്ഷയിലും അധികാരം നല്‍കുന്നത് ഇസ്രായേല്‍ അധിനിവേശത്തിനു പകരം മറ്റൊരു തരത്തിലുള്ള നിയന്ത്രമാണ് നടപ്പിലാവുകയെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു.
ഫലസ്തീനികളുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അന്താരാഷ്ട്ര സംഘങ്ങളുടെ മേല്‍നോട്ടം വിദേശ നിയന്ത്രണത്തിനു വഴിയൊരുക്കുമെന്ന് ഹമാസ് സൂചിപ്പിച്ചു. ഗസയുടെ ഭരണവും പുനര്‍നിര്‍മാണവും ഒരു വിദേശ സംഘടനയ്ക്കു കൈമാറുന്നതോടെ ഫലസ്തീനികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഫലസ്തീനില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് മാനുഷിക സഹായം കൈകാര്യം ചെയ്യേണ്ടതെന്ന് ഹമാസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ വ്യക്തമാക്കി. ഗസയില്‍ നിരായുധീകരണം നടത്തുകയോ ചെറുത്തുനില്‍ക്കാനുള്ള അവകാശം നിയന്ത്രിക്കുകയോ ചെയ്യുന്നതിനെയും ഹമാസ് നിരസിച്ചു.
