യുകെ സര്‍ക്കാരിന്റെ ഭീകര പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം; അപ്പീല്‍ നല്‍കി ഹമാസ്

Update: 2025-08-20 15:03 GMT

ലണ്ടന്‍: സര്‍ക്കാരിന്റെ ഭീകരപട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം നിരസിച്ചതിനെതിരേ യുകെ കോടതിയില്‍ ഹമാസ് അപ്പീല്‍ നല്‍കി. യുകെ ആഭ്യന്തര സെക്രട്ടറി വെറ്റെ കൂപ്പറുടെ തീരുമാനത്തെയാണ് ബാരിസ്റ്റര്‍മാരായ ഫ്രാങ്ക് മഗെന്നിസ്, ഡാനിയേല്‍ ഗ്രട്ടേഴ്‌സ് എന്നിവര്‍ മുഖേനെ ഹമാസ് ചോദ്യം ചെയ്യുന്നത്. ഏപ്രില്‍ ഒമ്പതിന് ആഭ്യന്തര സെക്രട്ടറി തങ്ങളുടെ അപ്പീല്‍ തള്ളിയെന്നും പക്ഷേ കൃത്യമായ കാരണം കാണിച്ചില്ലെന്നും ഹമാസിന്റെ ആറു പേജുള്ള അപ്പീല്‍ പറയുന്നു. '' സയണിസത്തോടും വര്‍ണവിവേചന ഇസ്രായേലി ഭരണകൂടത്തോടുമുള്ള കൂറ് നേരത്തെ തന്നെ പ്രഖ്യാപിച്ച വ്യക്തിയാണ് ആഭ്യന്തര സെക്രട്ടറി. ഫലസ്തീനികളോടുള്ള അവരുടെ വെറുപ്പാണ് തീരുമാനത്തിന് കാരണം.'' -അപ്പീല്‍ പറയുന്നു.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിനെ രണ്ടു പതിറ്റാണ്ട് മുമ്പേ യുകെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, 2021ല്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ മുഴുവന്‍ സംഘടനയിലേക്കും നിരോധനം നീട്ടി. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ആഭ്യന്തര സെക്രട്ടറി തള്ളി. ഹമാസിന്റെ യുകെയിലെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിരോധനം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി വാദിച്ചത്. ഫലസ്തീനിലും പശ്ചിമേഷ്യയിലും അഹിംസയാണ് നടപ്പാവേണ്ടതെന്നാണ് യുകെയുടെ നിലപാടെന്നും ഭീകരതക്കെതിരായ ആഗോള പോരാട്ടത്തെ പിന്തുണക്കുന്നതിന് ഹമാസിന് നിരോധനം വേണമെന്നും അവര്‍ വാദിച്ചു.

എന്നാല്‍, തങ്ങള്‍ യുകെയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് അപ്പീലില്‍ ഹമാസ് ചൂണ്ടിക്കാട്ടി. ചരിത്രപരമായ ഫലസ്തീന് പുറത്ത് ഹമാസ് ഒരു സായുധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. യുകെയുടെ ഒരു ഭാഗത്തും ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഫലസ്തീനിലും പശ്ചിമേഷ്യയിലും യുകെ അഹിംസാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന ആഭ്യന്തര സെക്രട്ടറിയുടെ അവകാശവാദങ്ങള്‍ തെറ്റാണ്. ഫലസ്തീനിലും പശ്ചിമേഷ്യയിലും യുകെ സൈന്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു.