'ഹമാസിന്റെ പോരാട്ടവീര്യവും നയതന്ത്രജ്ഞതയും ലോകത്തിനു മാതൃക';- മൂവാറ്റുപുഴ അഷ്റഫ് മൗലവി

Update: 2025-10-06 15:56 GMT

തിരുവനന്തപുരം: ഹമാസിന്റെ പോരാട്ട വീര്യവും നയതന്ത്രജ്ഞതയും ലോകത്തിനു മാതൃകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രവര്‍ത്തകസമിതി അംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശംഖുമുഖത്ത് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മാനവികതയുടെ ശത്രുക്കളാണ് സയണിസ്റ്റുകള്‍. അവരുടെ തീ തുപ്പുന്ന യന്ത്രത്തോക്കുകള്‍ക്ക് ഫലസ്തീനികളുടെ സ്വാതന്ത്ര്യമോഹങ്ങളെ തകര്‍ക്കാന്‍ സാധ്യമല്ല എന്ന് അനുദിനം തെളിയിക്കുകയാണ്. കുരുന്നുകളെ പോലും അറുകൊല ചെയ്ത് ഭീകരതയുടെ പര്യായമായി മാറിയിരിക്കുകയാണ് ഇസ്രയേല്‍. അവര്‍ക്ക് എല്ലാവധ ഒത്താശകളും ചെയ്തു കൊടുക്കുകയാണ് സാമ്രാജ്യത്വ ശക്തികള്‍. സയണിസ്റ്റ്-സാമ്രാജ്യത്വ ഭീകരതയ്ക്കു മുമ്പില്‍ മുട്ടിലിഴയുകയാണ് അറബ് ഭരണാധികാരികള്‍. പിറന്ന നാടിന്റെ മോചനത്തിനായി പോരാടുന്ന ഫലസ്തീനികള്‍ അന്തിമ വിജയം നേടുക തന്നെ ചെയ്യും. ലോകം ഒന്നാകെ സയണിസ്റ്റ് ഭീകരതയ്ക്കെതിരേ ഐക്യപ്പെടുന്ന കാഴ്ച ശുഭ സൂചനയാണ്'- മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് എല്‍ നസീമ, എസ് എം മുസമ്മില്‍ സംസാരിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പ്രാവച്ചമ്പലം അശ്റഫ് ഇസ്രയേല്‍ ഉല്‍പ്പന്ന ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് ഉല്‍പ്പന്ന പട്ടിക കത്തിച്ചു.

വൈകീട്ട് അഞ്ചിന് സുലൈമാന്‍ സ്ട്രീറ്റില്‍ നിന്നാരംഭിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു. ബാന്റ് മുട്ടിയും നിശ്ചല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും നടത്തിയ ഐക്യദാര്‍ഢ്യ റാലി ഏറെ ശ്രദ്ധേയമായി. കവിതാ പാരായണം, മുട്ടിപ്പാട്ട്, ഏകാംഗ നാടകം, മൂകാഭിനയം, പോസ്റ്റര്‍ രചിക്കല്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച ഗസ നൈറ്റ് വേറിട്ട കാഴ്ചയായിമാറി.

Tags: