ഗസ സിറ്റി: അല്‍ ഖസ്സാം വക്താവ് അബൂ ഉബൈദയുടേയും മുതിര്‍ന്ന നേതാവ് മുഹമ്മദ് സിന്‍വാറിന്റെയും മരണം സ്ഥിരീകരിച്ച് ഹമാസ്. ഇന്നാണ് ഖസ്സാം ബ്രിഗേഡ്സ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അബു ഉബൈദക്കും മുഹമ്മദ് സിന്‍വാറിനും പുറമെ റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന, മറ്റ് മുതിര്‍ന്ന നേതാക്കളായ ഹകം അല്‍ ഇസ്സി, റായിദ് സാദ് എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. യഹിയ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍കഹ്ലൗത്ത് എന്നാണ് അബു ഉബൈദയുടെ യഥാര്‍ത്ഥ പേരെന്നും ഹമാസ് വ്യക്തമാക്കി.
ആഗസ്റ്റില്‍ ഗസ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഹമാസ് സ്ഥിരീകരിച്ചിരുന്നില്ല. ഇതാണ് മൂന്നു മാസത്തിന് ശേഷം ഹമാസ് സ്ഥിരീകരിച്ചത്. മുഹമ്മദ് സിന്‍വാറിനെ മെയ് മാസത്തിലും അബു ഉബൈദയെ ആഗസ്റ്റിലും കൊലപ്പെടുത്തിയതായി ഇസ്റാഈല്‍ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ആദ്യവാരത്തിലായിരുന്നു അബൂ ഉബൈദയുടെ അവസാന പ്രസ്താവന പുറത്തുവന്നത്.
അബു ഉബൈദ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍കഹ്ലൗത്ത് ഫലസ്തീന്റെ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. 2002ലാണ് മുതിര്‍ന്ന ഫീല്‍ഡ് ഓപ്പറേറ്റീവായി അദ്ദേഹം ഉയര്‍ന്നുവന്നത്. നിരവധി പോരാട്ടങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. 2005ല്‍ ഇസ്രായേല്‍ ഗസയില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഫലസ്തീന്റെ ഔദ്യോഗിക ശബ്ദമായി മാറി. ഔദ്യോഗിക വക്താവായി തങ്ങളുടെ നിലപാടുകള്‍ എന്നും ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തികൂടിയായിരുന്നു അബൂ ഉബൈദ.
