ഹാല്‍ സിനിമ: അഭിഭാഷകനു പറ്റിയ ചെറിയ പിഴവ്, വിധി പുനപരിശോധിക്കണമെന്ന് സംവിധായകന്‍

നിയമപോരാട്ടം തുടരുമെന്നും വെട്ടിമാറ്റിയ സിനിമ ഇറക്കില്ലെന്നും റഫീഖ് വീര

Update: 2025-11-15 05:19 GMT

കൊച്ചി: ഹാല്‍ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയിലെ വിധി പുനപരിശോധിക്കണമെന്ന് സംവിധായകന്‍. നിയമപോരാട്ടം തുടരുമെന്നും വെട്ടിമാറ്റിയ സിനിമ ഇറക്കില്ലെന്നും റഫീഖ് വീര പറഞ്ഞു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടി റദ്ദാക്കിയ കോടതി, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ചില രംഗങ്ങള്‍ മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കാനും നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അഭിഭാകനു പറ്റിയ ചെറിയ പിഴവാണിതെന്നും വിധി പുനപരിശോധിക്കണമെന്നും സംവിധായകന്‍ റഫീഖ് വീര പറഞ്ഞു.

ഏതു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന അധികാരം സെന്‍സര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണെങ്കിലും ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കിയത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടി റദ്ദാക്കിയായിരുന്നു നിരീക്ഷണം. ഹാല്‍ സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതാണ്. പരസ്പര വിശ്വാസങ്ങളെ തെറ്റായി സിനിമ ചിത്രീകരിക്കുന്നില്ല. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാന്‍ പ്രണയത്തിനു കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. മതേതര ലോകത്തിന്റെ സന്ദേശം അവതരിപ്പിക്കാനാണ് ഹാല്‍ സിനിമ ശ്രമിക്കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 12ന് സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. അതേസമയം ലൗ ജിഹാദ് എന്നതുള്‍പ്പെടെയുള്ള കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും വാദം കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ ഒഴിവാക്കാന്‍ തടസമില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചതാണ് വിധി പുനപരിശോധിക്കണമെന്നു പറഞ്ഞ് സംവിധായകന്‍ വീണ്ടും രംഗത്തെത്താന്‍ കാരണം. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, നായിക ബുര്‍ഖ ധരിച്ച സീന്‍, രാഖിയുടെ ദൃശ്യം, പോലിസ് ചോദ്യം ചെയ്യുന്ന സീന്‍, ധ്വജപ്രണാമം, കോളജിന്റെ പേര് അവ്യക്തമാക്കല്‍, സംഘം കാവലുണ്ട് എന്നിവ ഒഴിവാക്കേണ്ടി വരും എന്നായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍. കൂടാതെ താമരശേരി ബിഷപ്പ് ഹൗസ് കാണിക്കാനുള്ള അനുമതി, കോടതി മുറി കാണിക്കാനുള്ള അനുമതി എന്നിവ കാണിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, വീണ്ടും കോടതിയെ സമീപിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.