തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി 2025 ആഗസ്റ്റ് 7 വരെ നീട്ടി. ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 1,52,300 രൂപ ആദ്യ ഗഡുവായി ആഗസ്റ്റ് 20 നുള്ളില്‍ അടക്കണമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജ്ജുവിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഏഴാം തീയതിയാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. 31.07.2025 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 20,978 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിനു മുകളില്‍ 4,112, ലേഡീസ് വിതൗട് മെഹറം 2,817, ജനറല്‍ കാറ്റഗറിയില്‍ 13,255 അപേക്ഷകളുമാണ് ലഭിച്ചത്. ഈ വര്‍ഷം ആരംഭിച്ച, 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തിയാക്കി തിരിച്ച് വരുന്ന പാക്കേജില്‍ ഇതുവരെ 2,186 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വെയ്റ്റിങ് ലിസ്റ്റിലുണ്ടായിരുന്ന 793 പേര്‍ക്ക് മുന്‍ഗണന ലഭിച്ചത് ആശ്വാസകരമാണ്.
ഇത്തവണ കാലിക്കറ്റ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ അപേക്ഷകരുടെ എണ്ണം കുറവാണ്. ആയതിനാല്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വിമാന യാത്രാക്കൂലി കുറവുള്ള എമ്പാര്‍ക്കേഷന്‍ പോയിന്റിലേക്ക് മാറാനുള്ള അവസരവും നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായവരുടെ അപേക്ഷ പരിശോധിച്ചു കവര്‍ നമ്പര്‍ നല്‍കുന്ന നടപടി ഹജ്ജ് ഹൗസില്‍ പുരോഗമിച്ച് വരികയാണ്. ഹജ്ജ് ട്രെയിനര്‍ മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ചയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്.
