ഗസയിലെ 20 ജൂതത്തടവുകാരെ കൊന്നത് ഇസ്രായേല്‍ സൈന്യമെന്ന് ഹാരെറ്റ്‌സ്

Update: 2025-06-01 05:12 GMT

തെല്‍അവീവ്: ഗസയില്‍ ഫലസ്തീനികള്‍ തടവിലിട്ട 20 ജൂതന്‍മാരെ ഇസ്രായേലി സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ്. ജൂത തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നു എന്നു സംശയിക്കുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തലാണ് സൈന്യത്തിന്റെ രീതിയെന്ന് ഹാരെറ്റ്‌സ് നടത്തിയ അന്വേഷണം സ്ഥിരീകരിച്ചു. ഏകദേശം 54 ജൂതത്തടവുകാര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതത്രെ.

2025 ഏപ്രില്‍ ഏഴിന് യുഎസ് പൗരനായ ഐഡന്‍ അലക്‌സാണ്ടറെയും സൈനികനായ മാതന്‍ സങ്കോക്കരെയും പാര്‍പ്പിച്ചിരുന്ന ടണലില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഭാഗ്യത്തിനാണ് ഇരുവരും രക്ഷപ്പെട്ടത്. ഇസ്രായേലി മിസൈലുകളെയാണ് ഏറ്റവും ഭയന്നിരുന്നതെന്ന് തടവുകാരിയായ നോവ ലെവി വെളിപ്പെടുത്തിയിരുന്നു. സമാനമായ അനുഭവം യെയര്‍ ഹോണ്‍ എന്ന മുന്‍ തടവുകാരനും വെളിപ്പെടുത്തി.

2024 ഫെബ്രുവരിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ജൂതത്തടവുകാര്‍ കൊല്ലപ്പെട്ടു.2023 ഡിസംബറില്‍ മൂന്നു പേരെയും ഇസ്രായേല്‍ കൊലപ്പെടുത്തി. ഫലസ്തീനികള്‍ ജൂതന്‍മാരെ തടവുകാരാക്കി ചര്‍ച്ച നടത്തുന്നത് തടയാനാണ് ഈ കൊലപാതകങ്ങള്‍. ഹനിബാള്‍ തത്വം എന്നാണ് ഇത് അറിയപ്പെടുന്നത്.