കൊല്ലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 16 പഞ്ചായത്തുകളില്‍ നിരീക്ഷണം

Update: 2026-01-14 06:02 GMT

കൊല്ലം: ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയില്‍ രോഗതീവ്രതയോ വ്യാപനശേഷിയോ ഇല്ലാത്ത എച്ച്9 എന്‍2 വിഭാഗത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലാബറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ വകഭേദം മനുഷ്യരിലേക്ക് പകരുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ ജാഗ്രത ശക്തമാക്കി. ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത് ഉള്‍പ്പെടെ ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ എന്നീ പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന മടവൂര്‍, പള്ളിക്കല്‍ പഞ്ചായത്തുകളിലും നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, കുരീപ്പുഴയിലെ ടര്‍ക്കി ഫാമിലും കുര്യോട്ടുമലയിലെ ഹൈടെക് ഫാമിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: