പക്ഷിപ്പനി കൊവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി; ആശങ്കയുമായി ശാസ്ത്രജ്ഞര്‍

Update: 2024-04-05 10:16 GMT

ന്യൂയോര്‍ക്ക്: യുഎസില്‍ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതില്‍ ആശങ്ക പങ്കുവച്ച് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനി പടര്‍ന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ), രോഗകാരിയായ എച്ച്5എന്‍1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയര്‍ന്ന മരണനിരക്കിന് കാരണമാവുന്ന എച്ച്5എന്‍1 വൈറസ്, കൊവിഡ്-19 വൈറസിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. അസാധാരണമാംവിധം മരണനിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷന്‍ സംഭവിച്ച എച്ച്5എന്‍1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായാല്‍ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

    പക്ഷിപ്പനി ബാധിക്കുന്നതില്‍ പകുതിപേരും മരിക്കുന്നതായാണ് 2003 മുതലുള്ള ഡബ്ലുഎച്ച്ഒ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, നിലവില്‍ കൊവിഡ് മരണനിരക്ക് വെറും 0.1 ശതമാനം മാത്രമാണ്. കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മരണനിരക്ക് 20 ശതമാനം ആയിരുന്നു. പക്ഷിപ്പനി ബാധിതരിലെ ഉയര്‍ന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യന്‍ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തില്‍ പകരാന്‍ സാധ്യതയുള്ള വൈറസാണ് എച്ച്5എന്‍1 എന്ന് പിറ്റ്സ്ബര്‍ഗ് യൂനിവേഴ്‌സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി പറഞ്ഞു. മനുഷ്യനിലേക്ക് പടര്‍ന്നുതുടങ്ങിയ സ്ഥിതിക്ക് വൈറസിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫാമുകളില്‍ കൃത്യമായ അണുനശീകരണം നടത്തണം. അല്ലെങ്കില്‍ എച്ച്5എന്‍1 വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിക്കാന്‍ അധികം സമയം വേണ്ടിവരില്ലെന്നും ഡോ. സുരേഷ് പറഞ്ഞു.

    വരാനിരിക്കുന്ന ഒരു വൈറസിനെക്കുറച്ചല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. നിലവിലുള്ളതും പക്ഷി-മൃഗാദികള്‍ക്കിടയില്‍ വലിയ തോതില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു വൈറസിനെക്കുറിച്ചാണ്. ലോകത്തെല്ലായിടത്തും പക്ഷിപ്പനിയുണ്ട്. അതുകൊണ്ടുതന്നെ നമ്മള്‍ എച്ച്5എന്‍1 വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും അതിനെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം-ഡോ. സുരേഷ് പറഞ്ഞു. എച്ച്5എന്‍1 വൈറസ് കൊവിഡ്-19 നേക്കാള്‍ നൂറുമടങ്ങ് അപകടകാരിയാണെന്ന് പഠനത്തില്‍ പങ്കാളിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫള്‍ട്ടണ്‍ പറയുന്നു. എച്ച്5എന്‍1 വൈറസിന് ഇനിയും ജനിതകമാറ്റങ്ങള്‍ സംഭവിക്കുകയും മനുഷ്യനിലേക്ക് പടരുകയും ചെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാവുമെന്ന് ജോണ്‍ മുന്നറിയിപ്പ് നല്‍കി. ഡബ്ലുഎച്ച്ഒ യുടെ കണക്കനുസരിച്ച് ലോകത്താകെ ഇതുവരെ 887 പേര്‍ക്കാണ് പക്ഷിപ്പനി ബാധിച്ചിട്ടുള്ളത്. അതില്‍ 462 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.

Tags: