എച്ച് 1 ബി വിസ അപേക്ഷകൾക്കുള്ള പുതുക്കിയ ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ: വൈറ്റ് ഹൗസ്
വാഷിങ്ടൺ: എച്ച്-1ബി വിസ അപേക്ഷകൾക്കുള്ള 100,000 യുഎസ് ഡോളർ (88 ലക്ഷത്തിൽ കൂടുതൽ) ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. സെപ്റ്റംബർ 21 (ഞായറാഴ്ച) ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ ഒഴികെയുള്ളവക്കാണ് ഇത് ബാധകമാവുക.
എച്ച്-1ബി വിസ കൈവശം വച്ചിരിക്കുന്നവരും നിലവിൽ യുഎസിന് പുറത്തുള്ളവരുമായവർക്ക് വീണ്ടും പ്രവേശിക്കുന്നതിന് 100,000 യുഎസ് ഡോളർ ഈടാക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ട്വീറ്റിൽ വ്യക്തമാക്കി.
"ഇത് ഒരു വാർഷിക ഫീസല്ല. ഇത് അപേക്ഷയ്ക്ക് മാത്രം ബാധകമായ ഒറ്റത്തവണ ഫീസാണ്. H-1B വിസ ഉടമകൾക്ക് സാധാരണ ചെയ്യുന്ന പോലെ രാജ്യം വിടാനും വീണ്ടും പ്രവേശിക്കാനും കഴിയും,"അവർ പറഞ്ഞു.
എച്ച്-1ബി പ്രോഗ്രാം പുനഃപരിശോധിക്കാനുള്ള ട്രംപിന്റെ നീക്കം വിദേശ തൊഴിലാളികൾക്കിടയിൽ, പ്രത്യേകിച്ച് എച്ച്-1ബി വിസ ഉടമകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ഇന്ത്യക്കാരിൽ, അനിശ്ചിതത്വവും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു.