എച്ച്1ബി വിസ സംവിധാനത്തില്‍ തട്ടിപ്പ്: മഹ്‌വാഷ് സിദ്ദിഖി

Update: 2025-11-26 08:27 GMT

ന്യൂഡല്‍ഹി: എച്ച്1ബി വിസ സംവിധാനത്തില്‍ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞന്‍ മഹ്‌വാഷ് സിദ്ദിഖി ആരോപിച്ചു. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളില്‍ 80 മുതല്‍ 90 ശതമാനം വ്യാജമാണെന്നും അവര്‍ അവകാശപ്പെട്ടു. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ സേവനമനുഷ്ഠിച്ച സമയത്ത് (2005-2007) ഉദ്യോഗസ്ഥര്‍ ഈ വിഷയം ആവര്‍ത്തിച്ച് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മഹ്‌വാഷ് സിദ്ദിഖി ചൂണ്ടിക്കാട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുക, മതിയായ വൈദഗ്ധ്യമില്ലാത്തവര്‍ വിസ നേടുക, അഭിമുഖത്തിന് മറ്റൊരാളെ അയക്കുക തുടങ്ങിയ തട്ടിപ്പുകളാണ് പ്രധാനമായും നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എച്ച്1ബി വിസ പ്രോസസ്സിങ് കേന്ദ്രങ്ങളിലൊന്നായ ചെന്നൈയില്‍ 2024ല്‍ മാത്രം 2,20,000 എച്ച്1ബി വിസകളും അവരുടെ കുടുംബാംഗങ്ങള്‍ക്കായി 1,40,000 ഓഫര്‍ വിസകളും ഉള്‍പ്പെടെ യുഎസ് ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് നോണ്‍ ഇമിഗ്രന്റ് വിസകള്‍ തീര്‍പ്പാക്കിയിരുന്നുവെന്ന് സിദ്ദിഖി പറഞ്ഞു. ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ അമേരിക്കക്കാരനാണെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ അഭിമുഖം പൂര്‍ണമായും ഒഴിവാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി അഭിമുഖത്തിന് ഹാജരായവരുണ്ട്. ഇന്ത്യന്‍ മാനേജര്‍മാര്‍ കൈക്കൂലി വാങ്ങി ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയിരുന്നുവെന്നും മഹ്‌വാഷ് അവകാശപ്പെട്ടു. താന്‍ രണ്ടു വര്‍ഷം ചെന്നൈ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതായും അതിനിടെ 51,000ത്തിലധികം നോണ്‍ ഇമിഗ്രന്റ് വിസകളില്‍ അധികവും എച്ച്1ബി വിസകളായിരുന്നു കൈകാര്യം ചെയ്തതെന്നും അവര്‍ പറഞ്ഞു. ചെന്നൈ കോണ്‍സുലേറ്റില്‍ പ്രധാനമായും ഹൈദരാബാദ്, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ നാലു മേഖലകളില്‍ നിന്നുള്ള അപേക്ഷകളാണ് എത്തിയിരുന്നത്. ഇതില്‍ ഹൈദരാബാദില്‍ നിന്നുള്ള അപേക്ഷകളായിരുന്നു ഏറ്റവും കൂടുതല്‍ ആശങ്കയുണ്ടാക്കിയതെന്നും മഹ്‌വാഷ് പറഞ്ഞു.

താന്‍ ഇവിടെ സംസാരിക്കുന്നത് ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയിലല്ല മറിച്ച് സ്വകാര്യ നിലപാടിലാണ് എന്നും അവര്‍ വ്യക്തമാക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നീ മേഖലകളില്‍ അമേരിക്കക്ക് കഴിവുള്ള ആളുകളുടെ കുറവുണ്ടെന്നും അതിനാല്‍ ഇന്ത്യയില്‍ നിന്ന് ആളുകളെ എടുക്കേണ്ടതുണ്ടെന്നുമുള്ള വാദത്തെ മഹ്‌വാഷ് ചോദ്യം ചെയ്തു. ഈ തട്ടിപ്പുകളില്‍ നിരവധി രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്നും തങ്ങള്‍ അന്വേഷണം നടത്താതിരിക്കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയക്കാരെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മഹ്‌വാഷ് കൂട്ടിച്ചേര്‍ത്തു.

Tags: