നിരീശ്വരവാദി സമ്മേളനത്തില്‍ തോക്കുമായി എത്തിയത് നിരീശ്വരവാദി തന്നെ; ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയാണ്

Update: 2025-10-19 08:40 GMT

കൊച്ചി: ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നിരീശ്വരവാദികളുടെ പരിപാടിയില്‍ തോക്കുമായി എത്തിയത് യുക്തിവാദി. ഉദയംപേരൂര്‍ സ്വദേശി അജീഷാണ് തോക്കുമായി പരിപാടിക്ക് എത്തിയത്. ഡിവൈഎഫ്‌ഐ നേതാവ് വിദ്യാധരന്‍ കൊലക്കേസിലെ മുഖ്യ സാക്ഷിയാണ് ഇയാള്‍. കേസിലെ പ്രതികളില്‍  നിന്ന് ഭീഷണിയുള്ളതിനാല്‍ തോക്ക് ലൈസന്‍സ് എടുത്തിരുന്നതായി അജീഷ് പോലിസിനെ അറിയിച്ചു.

ബംഗ്ലാദേശിലെ കുപ്രസിദ്ധ നിരീശ്വരവാദി തസ്‌ലിമ നസ്‌റീന്‍ അടക്കമുള്ള പരിപാടിയായതിനാല്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പോലിസ് ഒരുക്കിയിരുന്നത്. അതിനിടെയാണ് അജീഷ് തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയില്‍ ഇത് തെളിഞ്ഞതോടെയാണ് സംഘാടകര്‍ പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലിസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ശേഷം ഹാളിനകത്തുണ്ടായിരുന്നവരെ എല്ലാം പുറത്തിറക്കി. ബോംബ് സക്വാഡ് അടക്കം എത്തി പരിശോധന നടത്തി.

2003 സെപ്റ്റംബര്‍ പതിമൂന്നിനാണ് ഉദയംപേരൂര്‍ സ്വദേശിയായ വിദ്യധരനെ കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ശേഷം അയ്യമ്പുഴയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എസ്റ്റേറ്റിലിട്ട് തല്ലിക്കൊല്ലുകയായിരുന്നു.