പിതാവിനെയും സഹോദരനെയും " ഏറ്റുമുട്ടലിൽ കൊന്നു"; പതിമൂന്നുകാരിയുടെ പരാതിയിൽ പോലിസിനെതിരെ കേസെടുത്ത് കോടതി

Update: 2025-05-04 04:32 GMT

അഹമദാബാദ്: ഗുണ്ടാ നേതാവെന്ന് ആരോപിച്ച് യുവാവിനെയും മകനെയും വ്യാജ ഏറ്റുമുട്ടലിൽ കൊന്ന പോലിസുകാർക്കെതിരെ കേസെടുത്തു. ഹനീഫ് ഖാൻ (45) എന്നയാളെയും മകനായ മദീൻ ഖാനെയും (14) വെടിവച്ചു കൊന്ന ഏഴ് പോലിസുകാർക്കെതിരെ കേസെടുക്കാനാണ് ധരൻഗാദ്ര സെഷൻസ് കോടതി സുരേന്ദ്രനഗർ പോലിസിന് നിർദേശം നൽകിയത്.

2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിരവധി കേസുകളിൽ പ്രതിയായ ഹനീഫ് ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് പോലിസ് പറഞ്ഞത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന് ചൂണ്ടിക്കാട്ടി ഹനീഫ് ഖാൻ്റെ 13 കാരിയായ മകൾ സുഹാന കോടതിയെ സമീപിക്കുകയായിരുന്നു.

ട്രാക്ടർ പാടത്തേക്ക് കൊണ്ടുപോവാൻ ഡീസൽ നിറയ്ക്കുമ്പോൾ ഹനീഫ്ഖാനെ പോലിസ് പിടികൂടി കൊണ്ടുപോയി വെടിവച്ചു കൊന്നെന്ന് ഹരജിയിൽ സുഹാന ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി മൊഴികളും ഉണ്ടായിരുന്നു. ഹനീഫ് ഖാനെ പിടിക്കുമ്പോൾ അത് തടഞ്ഞ ജനക്കൂട്ടത്തിനെതിരെ പോലിസ് മറ്റൊരു കേസും എടുത്തിരുന്നു. ഇതും കോടതി പരിശോധിച്ചു. എന്നാൽ,ഹനീഫ് ഖാൻ തങ്ങളെ മൂന്നു റൗണ്ട് വെടി വച്ചെന്ന് പോലിസുകാർ വാദിച്ചു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് 'ഏറ്റുമുട്ടലിൽ ' പങ്കെടുത്ത സബ് ഇൻസ്പെക്ടർ വീരേന്ദ്ര സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ രാജേഷ് ഭായ്, കിരിത്ത് സോളങ്കി, കോൺസ്റ്റബിൾമാരായ ശൈലേഷ്,ദ്വിഗ് വിജയ് സിങ്, പ്രഹ്ലാദ് , മനു എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്.

പോലീസ് ഉദ്യോഗസ്ഥയാകാനായിരുന്നു തൻ്റെ കുട്ടിക്കാലത്തെ ആഗ്രഹമെന്ന് സുഹാന മാധ്യമങ്ങളോട് പറഞ്ഞു.

"പക്ഷേ വ്യാജ ഏറ്റുമുട്ടലിനുശേഷം, ഞാൻ പോലീസുകാരെ വെറുക്കാൻ തുടങ്ങി... അവർ ക്രൂരരാണ്. പോലീസ് പീഡനത്തിന് ഇരയാകുന്ന നിരപരാധികളായ ആളുകൾക്കുവേണ്ടി പോരാടാൻ അഭിഭാഷകയാവാൻ ഞാൻ തീരുമാനിച്ചു. "-സുഹാന പറഞ്ഞു.