നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നാവശ്യം
തിരുവനന്തപുരം: നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നാവശ്യവുമായി സുമയ്യ. ഗൈഡ് വയര്‍ പുറത്തേക്ക് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജീവിതകാലം മുഴുവന്‍ രോഗിയായി കഴിയേണ്ടി വരും. അതിനാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം തരണമെന്നും ജോലി നല്‍കണമെന്നും സുമയ്യ ആവശ്യപ്പെട്ടു. ഹരജിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സുമയ്യ.
തൈറോയിഡ് ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോള്‍ വഴി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്ന് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. വയര്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.