ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; 'രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപോര്‍ട്ട് ലഭിച്ചിട്ടില്ല, സര്‍ക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു'- സുമയ്യ

Update: 2025-11-24 12:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപോര്‍ട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്നും സുമയ്യ പറഞ്ഞു. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നത്. ശസ്ത്രകൃയ്ക്കിടെയുണ്ടായ ഗുരുതര വീഴ്ചയെ തുടര്‍ന്നാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.

രണ്ടുമാസം മുമ്പ് ഇതു സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. അപേക്ഷ പോലും ഡയറക്ടര്‍ ഇപ്പോഴാണ് കണ്ടതെന്നാണ് പറഞ്ഞത്. രണ്ടാം തീയതി റിപോര്‍ട്ട് നല്‍കാമെന്ന് ഇപ്പോള്‍ പറയുന്നു. പക്ഷെ അതില്‍ വിശ്വാസമില്ലെന്നും സര്‍ക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്നും സുമയ്യ വ്യക്തമാക്കി. വിദഗ്ധസമിതി റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ നിയമനടപടികളിലേക്കു കടക്കാന്‍ സാധിക്കു. രണ്ടാം തീയതി റിപോര്‍ട്ടില്‍ ലഭിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്കു നീങ്ങും.

സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, ഡോഡ് വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു നിഗമനം. വയര്‍ കുടുങ്ങി കിടക്കുന്നതു കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എന്നാല്‍, ശ്വാസമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് സുമയ്യ മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചത്.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. കാട്ടാക്കട സ്വദേശിയായ സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയത്. മൂന്നു വര്‍ഷത്തോളം ഗൈഡ് വയര്‍ കാരണം സുമയ്യ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. പിന്നാലെയാണ് വിവരം വിവാദമാവുകയും പോലിസില്‍ ഉള്‍പ്പടെ പരാതി നല്‍കുകയും ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കന്റോണ്‍മെന്റ് പോലിസ് ശസ്തക്രിയ നടത്തിയ ഡോക്ടര്‍ രാജീവിന്റെ മൊഴിയെടുത്തത്. ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ അശ്രദ്ധ ഉണ്ടായിട്ടില്ലെന്നും, അനസ്‌തേഷ്യ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണെന്നും ഡോക്ടര്‍ മൊഴി നല്‍കി. എന്നാല്‍ വീഴ്ച സംഭവിച്ചുവെന്ന് പറയുന്ന ഡോക്ടറുടെ ശബ്ദ രേഖ നേരത്തെ പുറത്തു വന്നിരുന്നു.