ജിഎസ്ടി പരിഷ്‌കരണം; സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതിയിലുണ്ടാകുന്ന കുറവ് ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം വ്യക്തമാക്കി. യഥാര്‍ത്ഥത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രധാന വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതിയുടെ വെട്ടിക്കുറവിലുണ്ടാകുന്ന നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍, സിമന്റ്, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ് എന്നിവയില്‍ മാത്രം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 2500 കോടിയാണ് ഒരു വര്‍ഷം കുറയുന്നതെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിചേര്‍ത്തു.
ജിഎസ്ടി നികുതിഘടന അടിമുടി പൊളിച്ചെഴുതാന്‍ ലക്ഷ്യംവച്ചുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ ഇന്നലെയാണ് നടന്നത്. സാധാരണക്കാരുടെ നികുതിഭാരം വന്‍തോതില്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.