തടി കൂടുതലായെന്ന് പറഞ്ഞ് ഒഴിവാക്കിയെന്ന് വരന്‍; വധു വിവാഹത്തില്‍ നിന്ന് പിന്മാറിയ സംഭവത്തില്‍ ട്വിസ്റ്റ്
ബറേലി: സ്ത്രീധനം ആവശ്യപ്പെട്ടെന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയ സംഭവത്തില്‍ ട്വിസ്റ്റ്. സ്ത്രീധനം ചോദിച്ചതിന്റെ പേരിലല്ല, താന്‍ തടി കൂടുതലാണെന്നു പറഞ്ഞാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് വരന്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
20 ലക്ഷം രൂപയും കാറും സ്ത്രീധനമായി വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുവെന്നാണ് വധുവിന്റെ പരാതി. എന്നാല്‍ തടിയുടെ പേരില്‍ വധുവും വീട്ടുകാരും തന്നെ അപമാനിച്ചുവെന്ന് വരനായ 29-കാരന്‍ ആരോപിക്കുന്നു.
വിവാഹ ചടങ്ങുകള്‍ക്കായി വരനും കുടുംബവും വധുവിന്റെ വീട്ടിലെത്തിയ സമയത്താണ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി വധു അറിയിച്ചത്. 20 ലക്ഷം രൂപയും കാറും സ്ത്രീധനമായി ചോദിച്ചതിനാലാണ് താന്‍ പിന്മാറിയതെന്നാണ് യുവതി പറഞ്ഞത്. ഇതോടെ ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
തുടര്‍ന്ന്, സ്ത്രീധനം ആവശ്യപ്പെട്ടു എന്നാരോപിച്ച് വധുവിന്റെ വീട്ടുകാര്‍ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ നിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ വധുവിന്റെ വീട്ടുകാര്‍ തടിയുടെ പേരില്‍ കളിയാക്കിയിരുന്നുവെന്നും, അന്ന് വധു ഇത് പ്രശ്‌നമില്ലെന്ന് പറഞ്ഞിരുന്നുവെന്നും യുവാവ് പറയുന്നു. വിവാഹത്തിനായി ചെലവഴിച്ച പണം തിരികെ കിട്ടാതിരിക്കാന്‍ വേണ്ടിയാണ് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം എന്ന നാടകം ഇറക്കുന്നതെന്നും, വധുവും കുടുംബവും തങ്ങളോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവാവ് പറഞ്ഞു.
