മുംബൈ: പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് മുമ്പ് സംഘടനക്ക് പോസ്റ്റര്‍ തയ്യാറാക്കിയെന്ന കേസിലെ ആരോപണവിധേയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാസിക് സ്വദേശിയായ മൗല നബിസാബ് മുല്ലയ്ക്കാണ് രണ്ടുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. മൗല നബിസാബ് മുല്ല പോസ്റ്ററുകളും സോഷ്യല്‍ മീഡിയ പോസ്റ്ററുകളും നിര്‍മിക്കുന്ന കാലത്ത് സംഘടനയെ നിരോധിച്ചിരുന്നില്ലെന്ന് ജസ്റ്റിസുമാരായ എ എസ് ഗഡ്കരിയും രാജേഷ് എസ് പാട്ടീലും ചൂണ്ടിക്കാട്ടി.
2022 ജൂണ്‍ 14ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസ് തുറന്നെന്നും മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെയും ആള്‍ക്കൂട്ട ആക്രമണങ്ങളെയും കുറിച്ച് രഹസ്യപ്രചാരണം നടത്തിയെന്നുമായിരുന്നു ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നത്. അതിന് പിന്നാലെ മൗല നബിസാബ് മുല്ല പോസ്റ്ററുകളും മറ്റും നിര്‍മിച്ചെന്നും ഭീകരവിരുദ്ധ സേന ആരോപിച്ചു. എന്നാല്‍, സംഘടന നിരോധിക്കുന്നതിന് മുമ്പാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തതെന്ന് മൗല നബിസാബ് മുല്ല ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ തുടങ്ങിയിട്ടില്ലെന്നും 190ല്‍ അധികം സാക്ഷികളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്നാണ് ജാമ്യം നല്‍കി ഉത്തരവായത്.