'രാജ്യത്തെ ജയിലുകളിലെ വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കുക'; എസ്ഡിപിഐ

Update: 2026-01-27 12:11 GMT

എസ്ഡിപിഐ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പഴയങ്ങാടി റിപബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റി റിപബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു. വളഞ്ഞവഴിയില്‍ നടന്ന റിപബ്ലിക് ദിന സംഗമം പാര്‍ട്ടി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവില്‍ രാഷ്ട്രീയത്തടവുകാരുടെ എണ്ണത്തില്‍ പത്തുശതമാനത്തിലധികം വര്‍ദ്ധനയുണ്ട്. 2012 മുതല്‍ 2022 വരേയുള്ള കണക്ക് അനുസരിച്ച് വിചാരണ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണം 66 ശതമാനത്തില്‍നിന്ന് 76 ശതമാനമായി വര്‍ദ്ധിച്ചെന്നും, രാജ്യത്തെ വിചാരണ തടവുകാരില്‍ 25 ശതമാനവും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണെന്നും അതില്‍ മുസ് ലിം വിചാരണത്തടവുകാര്‍ കൂടുതലാണെന്നും, UAPA പോലുള്ള കിരാത നിയമങ്ങള്‍ ഉപയോഗിച്ച് മുസ് ലിം നേതൃത്വങ്ങളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാജ്യത്തെ മുഴുവന്‍ വിചാരണ തടവുകാരേയും വിട്ടയക്കണമെന്നും നാസര്‍ പഴയങ്ങാടി പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം അധ്യക്ഷത വഹിച്ച സംഗമത്തില്‍ ജില്ലാ സെക്രട്ടറിമാരായ അജ്മല്‍ അയ്യുബ്, എം ജയരാജ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ അസ് ലം, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സഫര്‍ മാന്നാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ഫൈസല്‍ പഴയങ്ങാടി, മുഹമ്മദ് റിയാദ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സുധീര്‍ കല്ലുപ്പാലം, എന്നിവര്‍ സംസാരിച്ചു.