ലോസ് ആഞ്ചലസ്: ആഖ്യാന, കഥപറച്ചില്‍ റെക്കോര്‍ഡിങ് വിഭാഗത്തില്‍ ആദ്യത്തെ ഗ്രാമി അവാര്‍ഡ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക്.ദലൈലാമയുടെ ഓഡിയോബുക്ക് ആയ മെഡിറ്റേഷന്‍സ്: ദി റിഫ്‌ലക്ഷന്‍സ് ഓഫ് ഹിസ് ഹോളിനസ് ദലൈലാമയ്ക്കാണ് പുരസ്‌കാരം.
ദലൈലാമയുടെ ജീവിതത്തിനും സന്ദേശങ്ങള്‍ക്കുമുള്ള ഒരു പ്രധാന അന്താരാഷ്ട്ര അംഗീകാരമായി സംസാരഭാഷാ വിഭാഗത്തില്‍ നല്‍കുന്ന ഈ അവാര്‍ഡ് കണക്കാക്കപ്പെടുന്നു.ഈ വിഭാഗത്തില്‍, യുഎസ് സുപ്രിംകോടതി ജസ്റ്റിസ് കേതന്‍ജി ബ്രൗണ്‍ ജാക്സണ്‍ (ലവ്ലി വണ്‍: എ മെമ്മോയര്‍), ഹാസ്യനടന്‍ ട്രെവര്‍ നോഹ (ഇന്‍ടു ദി അണ്‍കട്ട് ഗ്രാസ്), നടി കാത്തി ഗാര്‍വര്‍ (എല്‍വിസ്, റോക്കി & മി: ദി കരോള്‍ കോണേഴ്സ് സ്റ്റോറി), ഫാബ് മോറാന്‍ (യു നോ ഇറ്റ്‌സ് ട്രൂ: ദി റിയല്‍ സ്റ്റോറി ഓഫ് മില്ലി വാനിലി) എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരെ പിന്തള്ളിയാണ് ദലൈലാമ അവാര്‍ഡ് നേടിയത്.
ദലൈലാമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന് വേണ്ടി ഗായകനും ഗാനരചയിതാവുമായ റൂഫസ് വെയ്ന്റൈറ്റ് അവാര്‍ഡ് സ്വീകരിച്ചു.'ഈ ബഹുമതി ഞാന്‍ നന്ദിയോടെയും വിനയത്തോടെയും സ്വീകരിക്കുന്നു. വ്യക്തിപരമായ നേട്ടമായിട്ടല്ല, മറിച്ച് നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. സമാധാനം, അനുകമ്പ, പരിസ്ഥിതിയോടുള്ള ഉത്കണ്ഠ, മാനവികതയുടെ ഏകത്വത്തെക്കുറിച്ചുള്ള അവബോധം എന്നിവ ജനങ്ങളുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്,' എന്ന് ദലൈലാമ അവാര്‍ഡിനെക്കുറിച്ച് പറഞ്ഞു.