സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം: കേരള രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി സര്‍ക്കാര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് അനില്‍ കുമാറിനെ ശാസ്താംകോട്ട ഡിബി കോളജില്‍ പ്രിന്‍സിപ്പലായി തിരികെ നിയമിച്ചുള്ള ഉത്തരവാണ് ഇറങ്ങിയത്. അനില്‍കുമാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിവരം. കാവിത്തുണി പിടിച്ച സ്ത്രീയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേരത്തെ അനില്‍കുമാര്‍ സസ്പെന്‍ഷനിലായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയാണ് രജിസ്ട്രാര്‍ വിവാദത്തില്‍ പെട്ടത്. റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി നടക്കുകയും ഗവര്‍ണര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാവിത്തുണി പിടിച്ച സ്ത്രീയുടെ ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്.
വിഷയത്തില്‍ വിസി മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.