കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്നും അവരുടെ പ്രൊഫഷണല്‍ നിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നത് രാഷ്ട്രനിര്‍മാണത്തിന് തുല്യമാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലും(NCTE) എന്‍ഐടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ്(NPST), നാഷണല്‍ മിഷന്‍ ഫോര്‍ മെന്ററിങ്(NMM)എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ എന്‍എംഎം(NMM) ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി എന്‍സിടിഇ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ അധ്യാപന മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും 2047ഓടെ 'വികസിത ഭാരതം' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനും അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍സിടിഇ ചെയര്‍മാന്‍ പ്രൊഫ. പങ്കജ് അറോറ പറഞ്ഞു. എന്‍പിഎസ്ടി, എന്‍എംഎം പദ്ധതികള്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉയര്‍ത്താന്‍ എന്‍സിടിഇ ആവിഷ്‌കരിച്ച പുതിയ മാനദണ്ഡങ്ങള്‍ സഹായിക്കുമെന്ന് എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്സിഇആര്‍ടി(SCERT), ഡയറ്റ്(DIET)പ്രതിനിധികള്‍, കെവിഎസ്, എന്‍വിഎസ്, സിബിഎസ്ഇ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. പുതിയ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അധ്യാപകരുടെ സ്വയം വിലയിരുത്തല്‍ മോഡ്യൂളുകള്‍ ഉപയോഗിക്കുന്നതിനും സെഷനുകളില്‍ പരിശീലനം നല്‍കി. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കോഴിക്കോട് നടന്ന പരിപാടിയില്‍ സംബന്ധിച്ചത്.

