ഹിജാബ് നിരോധനം;വിധിയെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് വിധിയെന്ന് ഗവര്‍ണര്‍ പറഞ്ഞു

Update: 2022-03-15 10:42 GMT

ബംഗളൂരു:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ വിദ്യാര്‍ഥികളുടെ ഹരജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് വിധിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.

നേരത്തെയും ഹിജാബ് നിരോധനത്തെ പിന്തുണച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുസ്‌ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിന് എതിരായിരുന്നുവെന്ന് അദ്ദേഹം  പറഞ്ഞത് വിവാദമായി മാറിയിരുന്നു.പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നെന്നും,ദൈവം നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേ സമയം,പിയു കോളജില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്ക് തുടരുമെന്ന് കര്‍ണാടക ഹൈകോടതി വ്യക്തമാക്കി. 11 ദിവസമാണ് ഹരജിയില്‍ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സര്‍ക്കാറിന് ഉത്തരവിറക്കാന്‍ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാര്‍ അറിയിച്ചു.

Tags: