തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടേയുള്ള അര്‍ഹരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അവിവാഹിതരായ 50 വയസില്‍ കൂടുതല്‍ പ്രായമുള്ള ശമ്പളം, പെന്‍ഷന്‍, സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാത്ത മേല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും.
ഇവര്‍ക്ക് 2001 മാര്‍ച്ച് 31ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെന്‍ഷന്‍ അനുവദിക്കുന്നതിന് പൊതുവില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നല്‍കും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.