നേറ്റിവിറ്റി കാര്‍ഡ് വിതരണത്തിന് ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍
വില്ലേജ് തലത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് കാര്‍ഡ് വിതരണം
തിരുവനന്തപുരം: നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വില്ലേജ് അടിസ്ഥാനത്തില്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് നേറ്റിവിറ്റി കാര്‍ഡുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അപേക്ഷയില്‍ അന്വേഷണം കൂടാതെ നേറ്റിവിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനോട് റവന്യു വകുപ്പ് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കാര്‍ഡിന് നിയമപരമായ പിന്‍ബലം നല്‍കുന്നതിനുളള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
പൗരത്വം തെളിയിക്കുന്നതിനുളള എളുപ്പമാര്‍ഗമെന്ന നിലയ്ക്ക് കേരളത്തില്‍ സ്ഥിരതാമസക്കാരായ എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലാവധിക്കകം തന്നെ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. ജനന തീയതി, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവയും കാര്‍ഡില്‍ ഉള്‍പ്പെടുത്തും. വില്ലേജ് തലത്തില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച് വിതരണം ചെയ്യാനാണ് നിര്‍ദേശം. എന്നാല്‍, നിയമപരമായ പിന്‍ബലം ഉറപ്പാക്കി നല്‍കുന്ന കാര്‍ഡ് ക്യാംപില്‍ അപേക്ഷ സ്വീകരിച്ച് അപ്പോള്‍ തന്നെ നല്‍കുന്ന നിര്‍ദേശത്തില്‍ റവന്യു വകുപ്പിന് ആശങ്കയുണ്ട്. അപേക്ഷ സ്വീകരിക്കുകയും സംസ്ഥാനത്ത് സ്ഥിര താമസക്കാരനാണോയെന്നത് അന്വേഷിച്ച് ബോധ്യപ്പെടുകയും ചെയ്യാതെ കാര്‍ഡ് നല്‍കുന്നതിലാണ് ആശങ്ക. വിദേശത്ത് ജനിച്ചവരാണെങ്കിലും കേരളത്തില്‍ സ്ഥിരതാമസമാണെങ്കില്‍ നേറ്റിവിറ്റി കാര്‍ഡിന് അര്‍ഹതയുണ്ടാകും. അവരുടെ പിതാവോ മാതാവോ കേരളീയരായിരിക്കണം എന്ന നിബന്ധന പാലിക്കണമെന്നു മാത്രം.
ഇത്തരം കാര്യങ്ങളില്‍ വില്ലേജ് തലത്തില്‍ അന്വേഷണം നടത്താതെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് അപകടകരമാണെന്നാണ് റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഈ മാര്‍ച്ച് 31നകം തന്നെ നേറ്റിവിറ്റി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാണ് സര്‍ക്കാരിന്റെ താല്‍പര്യം. അന്വേഷണം നടത്തി കാര്‍ഡ് വിതരണം ചെയ്യാനിരുന്നാല്‍ താമസം ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം നടത്തി കാര്‍ഡ് നല്‍കണമെന്ന റവന്യു വകുപ്പിന്റെ ആവശ്യം സ്വീകരിക്കപ്പെടുമെന്ന് ഉറപ്പില്ല. നേറ്റിവിറ്റി കാര്‍ഡിന് നിയമപരമായ പിന്‍ബലം ഉറപ്പാക്കുന്നതിനായി നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിയമനിര്‍മ്മാണ നടപടികള്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ് ധാരണ.
