കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും
രഘുനാഥന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ ജോലിയും പ്രഖ്യാപിച്ചു
കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രഘുനാഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വനംമന്ത്രിയും വകുപ്പ് മേധാവികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടിയന്തര സഹായമായി രഘുനാഥന്റെ കുടുംബത്തിന് പതിനായിരം രൂപ ഉടന്‍ കൈമാറും. രഘുനാഥന്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍ പറഞ്ഞു. പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെച്ച് നല്‍കുമെന്നും പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍ പറഞ്ഞു. ഭാര്യയും മകളും അടങ്ങുന്നതാണ് മരിച്ച രഘുനാഥന്റെ കുടുംബം.
തെന്മല ചാലിയേക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍(65)ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായിരുന്നു രഘുനാഥന്‍. ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു രഘുനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. അടിവയറ്റില്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ രഘുനാഥിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.