സര്‍ക്കാര്‍ ടെന്‍ഡറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി നല്‍കി; ഭാര്യയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി ഐടി ഉദ്യോഗസ്ഥന്‍
ജയ്പൂര്‍: ഭാര്യയുടെ പേരില്‍ അഴിമതി നടത്തി രാജസ്ഥാനില്‍ ഐടി ഉദ്യോഗസ്ഥന്‍. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി നല്‍കി ഭാര്യയുടെ പേരില്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.
രാജ്‌കോംപ് ഇന്‍ഫോ സര്‍വീസസിലെ ഐടി വിഭാഗം ജോയിന്റ് ഡയറക്ടറായ പ്രദ്യുമാന്‍ ദീക്ഷിതാണ് പണം തട്ടിയത്. ഇയാളുടെ ഭാര്യ പൂനം ദീക്ഷിതിന്റെ പേരിലാണ് പണം കൈമാറിയതെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷത്തോളം ഓഫീസില്‍ പോവാതെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയെന്ന പേരില്‍ 37.54 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടിലെത്തിയത്.
ഓറിയോണ്‍പ്രോ സൊല്യൂഷന്‍സ്, ട്രീജെന്‍ സോഫ്രറ്റ്‌വയര്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് അഴിമതിയിലേര്‍പ്പെട്ടത്. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ലഭിക്കുന്നതിനായി, ഈ സ്ഥാപനങ്ങള്‍ പ്രദ്യുമാന്‍ ദീക്ഷിതിന്റെ നിര്‍ദ്ദേശപ്രകാരം ഭാര്യയെ ജോലിക്കെടുത്തതായി കാണിച്ച് പ്രതിമാസ ശമ്പളം നല്‍കുകയായിരുന്നു.
2019 ജനുവരിയില്‍ നിന്ന് 2020 സെപ്റ്റംബര്‍ വരെ, പൂനം ദീക്ഷിതിന്റെ അഞ്ചുബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളമായി 37,54,405 രൂപ എത്തിയതായി രേഖകള്‍ കണ്ടെത്തി. എന്നാല്‍ ഈ കാലയളവില്‍ യുവതി കമ്പനിയിലൊന്നിലും ജോലിക്ക് പോയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കേസ് ശക്തമായി. ഭാര്യയുടെ പേരില്‍ അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവിട്ട് അന്വേഷണം ആരംഭിച്ചത്. പൊതു ഖജനാവിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കിയ തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
