'നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം'; എസ്‌കെഎസ്എസ്എഫ്
ജമാഅത്തെ ഇസ് ലാമിയെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
മലപ്പുറം: ജമാഅത്തെ ഇസ് ലാമിയെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ സമാധാനകാംക്ഷികളായ മലയാളി സമൂഹം തിരിച്ചറിയണം. ചില നേതാക്കളെ സംഘപരിവാര്‍ ഭാഷയില്‍ സംസാരിക്കാന്‍ തുറന്ന് വിടുന്നത് ശരിയല്ല. നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതേതര പാര്‍ട്ടികള്‍ മൃദുഹിന്ദുത്വം സ്വീകരിച്ചതിന്റെ തിക്തഫലം അനുഭവിച്ചതാണ്. വര്‍ഗീയതക്ക് ഒരു കാലത്തും ഇടം നല്‍കാത്ത കേരളത്തില്‍ അത്തരം പരീക്ഷണങ്ങള്‍ ആര് നടത്തിയാലും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം. അടിസ്ഥാന രഹിതമായ വാദങ്ങളുയര്‍ത്തി നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സൃഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വിദ്വേഷ പ്രചാരകര്‍ക്ക് ശക്തി പകരുന്ന വിധത്തില്‍ സംഘ് പരിവാര്‍ ഭാഷയില്‍ സംസാരിക്കാന്‍ ചില നേതാക്കളെ തുറന്ന് വിടുന്ന രീതി ഒട്ടും ശരിയല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
അവരുടെ അപകടകരമായ ആശയങ്ങളെ ജമാഅത്ത് രൂപീകരണ കാലം മുതല്‍ സമസ്തയും മറ്റു മുസ് ലിം സംഘടനകളും എതിര്‍ത്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. മുസ് ലിം പൊതുവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ജമാഅത്തിനെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ആര് ശ്രമിച്ചാലും അനുവദിക്കുകയുമില്ല. അവര്‍ക്ക് സമുദായ മുഖ്യധാരയില്‍ ഇടം നല്‍കുന്നവര്‍ വിദ്വേഷ പ്രചാരകര്‍ക്ക് അവസരം നല്‍കുകയാണ്. എന്നാല്‍ ജമാഅത്തിനെ മറയാക്കി സമുദായത്തെ മൊത്തത്തില്‍ തെറ്റിധരിപ്പിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സമുദായം ജാഗ്രത കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

