ജനകീയ വികസനമെന്ന് സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് തന്ത്രമെന്ന് പ്രതിപക്ഷം

Update: 2026-01-29 10:54 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും എല്ലാ മേഖലകളിലെയും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പത്തു വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതികള്‍ ഇപ്പോള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന വിമര്‍ശനം നിരാശയില്‍ നിന്നുണ്ടായ ബാലിശമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ നിരവധി പദ്ധതികള്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ യാഥാര്‍ഥ്യമാക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കണ്‍മുന്നിലുള്ള ഈ യാഥാര്‍ഥ്യങ്ങളെ അവഗണിച്ച് ആരും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ സ്മാര്‍ട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനുമായി ബജറ്റില്‍ തുക വകയിരുത്തിയത് സര്‍ക്കാരിന്റെ എല്ലാവിഭാഗങ്ങളോടുമുള്ള കരുതലിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്ടസ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും 'കണക്റ്റ് ടു വര്‍ക്ക്' സ്‌കോളര്‍ഷിപ്പിന് 400 കോടി രൂപ അനുവദിച്ചതും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്കും വലിയ പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബജറ്റിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ശ്രമമാണിതെന്നും അനാവശ്യ രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണെന്നും പത്തു വര്‍ഷമായി നടപ്പാക്കാതിരുന്ന പദ്ധതികളാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന ഖജനാവിന്റെ അവസ്ഥ ദയനീയമാണെന്നും സതീശന്‍ പറഞ്ഞു. ഇതിന് മറുപടിയായി ധനമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ചില പരാമര്‍ശങ്ങളില്‍ സത്യാംശമുണ്ടെന്ന് അംഗീകരിച്ച ധനമന്ത്രി, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണെന്നും വ്യക്തമാക്കി.

Tags: