തദ്ദേശ സ്ഥാപനങ്ങളിലെ 60 ടൈപ്പിസ്റ്റ് തസ്തികകള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവ്

നിലവിലുള്ള ജീവനക്കാര്‍ വിരമിക്കുന്നതോടെ തസ്തികകളും ഇല്ലാതാകും

Update: 2025-10-10 04:37 GMT

തിരുവനന്തപുരം: തദ്ദേശ സഹകരണ വകുപ്പില്‍ കോര്‍പ്പറേഷനുകളിലെയും നഗരസഭകളിലെയും 60 തസ്തികകള്‍ നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍ ഉത്തരവ്. 22 നഗരസഭകളിലെ 60 ടൈപ്പിസ്റ്റ് തസ്തികകളാണ് നിര്‍ത്തലാക്കുന്നത്. നിലവിലുള്ള ജീവനക്കാരുടെ സേവന കാലാവധി തീരുന്നതോടെ ഈ തസ്തികകള്‍ ഇല്ലാതാക്കും.

സംസ്ഥാനത്തെ 87 നഗരസഭകളില്‍ 119ഉം കോര്‍പ്പറേഷനുകളില്‍ 60ഉം ഉള്‍പ്പെടെ 179 ടൈപ്പിസ്റ്റ് തസ്തികകളാണുള്ളത്. തദ്ദേശവകുപ്പിലെ മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസില്‍ അപ്രധാനമെന്ന് കണ്ടെത്തിയ 578 തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 34 തസ്തികകള്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 60 ടൈപ്പിസ്റ്റ് തസ്തികകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.

സംസ്ഥാനത്ത് ഒരു ടൈപ്പിസ്റ്റ് തസ്തിക മാത്രമുള്ള 69 നഗരസഭകളാണുള്ളത്. ഈ തസ്തികകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഒന്നിലധികം ടൈപ്പിസ്റ്റുകളുള്ള 18 നഗരസഭകളില്‍ ഒരെണ്ണം മാത്രം നിലനിര്‍ത്തി അധികമുള്ള 32 പോസ്റ്റുകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. കോര്‍പ്പറേഷനുകളില്‍ ആകെയുള്ള 60 ടൈപ്പിസ്റ്റ് തസ്തികയില്‍ 28 എണ്ണം ഒഴിവാക്കും. തസ്തികകള്‍ നിര്‍ത്തലാക്കുന്നതിന് മുന്‍ഗണന ക്രമവും നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒമ്പതും കൊച്ചിയില്‍ എട്ടും കോഴിക്കോട് ആറും കണ്ണൂരില്‍ അഞ്ചും തസ്തികകളാണ് ഒഴിവാക്കുന്നത്. നിലവിലുള്ള ജീവനക്കാര്‍ വിരമിക്കുന്നതോടെ തസ്തികകളും ഇല്ലാതാകും.

Tags: