'ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കുമായി ഒരുലക്ഷം കോടി രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്'- വി ഡി സതീശന്‍
കേരളത്തില്‍ ഒരുകാലത്തും ഇല്ലാത്ത രൂക്ഷമായ വിലക്കയറ്റമെന്ന് പ്രതിപക്ഷനേതാവ് നിയമസഭയില്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സപ്ലൈകോയിലും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലും കുടിശിക നല്‍കാത്തതിനാല്‍ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭിക്കുന്നില്ല. നികുതി കുറഞ്ഞാല്‍ ആളുകളുടെ കയ്യില്‍ പണമുണ്ടാകും. ആ പണം ചെലവാക്കി നികുതി വരുമാനം കൂട്ടാന്‍ എന്ത് പദ്ധതിയാണ് സര്‍ക്കാരിനുള്ളതെന്ന് വിഡി സതീശന്‍ ചോദിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വാര്‍ഷിക പദ്ധതി ആറുമാസം പിന്നിട്ടിട്ടും 21 ശതമാനം മാത്രം. ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണക്കാര്‍ക്ക് പണം നല്‍കിയില്ല. സെപ്റ്റംബര്‍ മുതല്‍ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതിയാണ്. കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്. ജിഎസ്ടി വകുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നും അടിയന്തര പ്രമേയ ചര്‍ച്ച ആയതിനാല്‍ ഞാന്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ വാചകം അടിച്ചു പോവുകയല്ല. നികുതിയേതര വരുമാനങ്ങള്‍ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്‌മെന്റ് ഞങ്ങള്‍ നടത്തുന്നുണ്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരു പൈസയും ഈ സര്‍ക്കാര്‍ വകമാറ്റിയിട്ടില്ല. നികുതി പിരിവില്‍ ഒത്തുതീര്‍പ്പില്ല. നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കീഴ്‌പ്പെടില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഒന്നും മുടങ്ങിയിട്ടില്ലെന്ന് ധനകാര്യമന്ത്രി.
ഏതെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് പണം കിട്ടാത്ത അവസ്ഥ ഇപ്പോള്‍ ഉണ്ടോ? കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന് തടസമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്നില്ലെന്നാണ് ആക്ഷേപം. പണം നല്‍കുന്നതില്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ പണം കൊടുത്തിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം മഹിള കോണ്‍ഗ്രസ് തയ്യാറാക്കിയ വ്യത്യസ്തമായ കുറ്റപത്രം വി ഡി സതീശന്‍ പ്രകാശനം ചെയ്തു. 2026ല്‍ കനത്ത തോല്‍വിയുണ്ടാകുമെന്ന വിഭ്രാന്തിയാണ് സര്‍ക്കാരിനുള്ളത്. കേരളത്തിലെ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണത്. കേരളത്തില്‍ ഒരുകാലത്തും ഇല്ലാത്ത രൂക്ഷമായ വിലക്കയറ്റം. ലഹരിയുടെ തലസ്ഥാനമായി കേരളം മാറിയെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

