സര്‍ക്കാര്‍ ഫണ്ട് അപര്യാപ്തം; ആരോഗ്യമേഖലയോടുള്ള അവഗണന പ്രതിഷേധാര്‍ഹം: മഞ്ജുഷ മാവിലാടം

Update: 2025-03-21 10:12 GMT

തിരുവനന്തപുരം: വാര്‍ഷികാഘോഷങ്ങള്‍ക്കും മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും കോടികള്‍ ധൂര്‍ത്തടിക്കുന്ന ഇടതു സര്‍ക്കാര്‍ പൊതുജനരോഗ്യരംഗത്തെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. സംസ്ഥാനത്ത് അവശ്യമരുന്നുകള്‍ വാങ്ങാന്‍ പോലും മതിയായ ഫണ്ട് വകയിരുത്താന്‍ കഴിയാത്തത് അങ്ങേയറ്റം ഖേദകരമാണ്. 1014 കോടിയുടെ മരുന്ന് ആവശ്യമാണെന്നിരിക്കേ കേവലം 356 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ അതിജീവനത്തെ ഗുരുതരമായി ബാധിക്കും. ആരോഗ്യമേഖലയില്‍ നമ്പര്‍ വണ്‍ വായ്ത്താരി പാടുന്ന ഇടതു സര്‍ക്കാര്‍ ആരോഗ്യമേഖലയോട് കാണിക്കുന്ന അവഗണനയുടെ നേര്‍ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം നേരിട്ടുവരികയാണ്. ടെന്‍ഡര്‍ ചെയ്യുന്ന മരുന്നുകളില്‍ വിലകൂടിയവ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍. 2016-17 മുതല്‍ 2021-22 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ 4732 ഇനം മരുന്നുകള്‍ ആവശ്യപ്പെട്ടെങ്കിലും പൂര്‍ണമായ അളവില്‍ എത്തിച്ചത് 536 ഇനം മാത്രമാണെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 67 ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 62826 ലേറെ സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നില്ലെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മതിയായ ഫണ്ട് വകയിരുത്തണം. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരെ പോലും ബാധിക്കുന്ന ഘട്ടത്തിൽ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമേളകള്‍ നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.

Tags: