മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ ഖാദി ധരിക്കണമെന്ന് നിര്‍ദേശം

Update: 2026-01-30 06:08 GMT

ബെംഗളൂരു: കര്‍ണാടകയില്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ചീഫ് സെക്രട്ടറി ശാലിനി രജ്‌നീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, ജീവനക്കാരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം, ജീവനക്കാരുടെ ക്ഷേമനടപടികള്‍ എന്നിവ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി, നിലവില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്ന അഞ്ചു ശതമാനം പ്രത്യേക ഇളവ് കര്‍ണാടക സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐസി) വഴി സില്‍ക്ക് സാരികളും വസ്ത്രങ്ങളും വാങ്ങുന്നതിനായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലേക്കും വ്യാപിപ്പിക്കും. പദ്ധതി ഏപ്രില്‍ 21ന് ഔദ്യോഗികമായി നടപ്പാക്കും. പൊതുജനങ്ങള്‍ക്കിടയില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക, ഖാദി മേഖലക്ക് ശക്തമായ പിന്തുണ നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഖാദി വസ്ത്രങ്ങള്‍ വാങ്ങുന്ന ജീവനക്കാര്‍ക്ക് നിലവിലുള്ള ഇളവുകള്‍ക്ക് പുറമെ അഞ്ചു ശതമാനം അധിക കിഴിവ് നല്‍കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പുരുഷ ജീവനക്കാര്‍ക്ക് ഖാദി ഷര്‍ട്ട്, പാന്റ്‌സ്, ഓവര്‍കോട്ട് എന്നിവയും വനിതാ ജീവനക്കാര്‍ക്ക് ഖാദി അല്ലെങ്കില്‍ ഖാദി സില്‍ക്ക് സാരികള്‍, ചുരിദാര്‍ എന്നിവയും ധരിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവി സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: