സാന്‍ ഫ്രാന്‍സിസ്‌കൊ: സിനിമാ നിര്‍മാണ സോഫ്റ്റ്‌വെയറിന്റെ പേരിനെച്ചൊല്ലി ആഗോള ടെക് ഭീമനായ ഗൂഗിളും പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഓട്ടോഡെസ്‌കും തമ്മില്‍ നിയമപോരാട്ടം. 'ഫ്‌ലോ' എന്ന ട്രേഡ്മാര്‍ക്ക് ഗൂഗിള്‍ അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് ഓട്ടോഡെസ്‌ക് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സിനിമകള്‍, ടെലിവിഷന്‍ ഷോകള്‍, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനായി വികസിപ്പിച്ച എഐ പ്ലാറ്റ്‌ഫോമിന് 2022 മുതല്‍ 'ഫ്‌ലോ' എന്ന പേരാണ് ഓട്ടോഡെസ്‌ക് ഉപയോഗിച്ചുവരുന്നതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ 2025 മെയ് മാസത്തില്‍ ഇതേ മേഖലയെ ലക്ഷ്യമാക്കി ഗൂഗിള്‍ പുറത്തിറക്കിയ എഐ വീഡിയോ നിര്‍മ്മാണ ടൂളിനും 'ഫ്‌ലോ' എന്ന പേര് നല്‍കിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
ഒരേ വിപണി ലക്ഷ്യമിട്ടുള്ള രണ്ട് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരേ പേര് ഉപയോഗിക്കുന്നത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും തങ്ങളുടെ ബിസിനസിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുമെന്നാണ് ഓട്ടോഡെസ്‌കിന്റെ വാദം. ഈ പേര് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കില്ലെന്ന് ഗൂഗിള്‍ മുന്‍പ് ഉറപ്പുനല്‍കിയിരുന്നുവെന്നും, എന്നാല്‍ ആ ഉറപ്പ് ലംഘിച്ച് പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍ രഹസ്യമായി ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷനായി അപേക്ഷ നല്‍കുകയും പിന്നീട് യുഎസില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തുവെന്നാണ് ആരോപണം. വമ്പന്‍ കോര്‍പ്പറേറ്റ് ശക്തിയായ ഗൂഗിള്‍ ഒരേ പേരില്‍ ഉല്‍പ്പന്നം അവതരിപ്പിച്ച് തങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ നിന്ന് പുറന്തള്ളാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 'ഫ്‌ലോ' എന്ന പേര് ഉപയോഗിക്കുന്നത് ഉടന്‍ നിരോധിക്കണമെന്നും സംഭവിച്ച നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഓട്ടോഡെസ്‌ക് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓട്ടോകാഡ് ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ഡിസൈന്‍ സോഫ്റ്റ്‌വെയറുകളുടെ നിര്‍മ്മാതാക്കളാണ് ഓട്ടോഡെസ്‌ക്. ഗൂഗിളിന്റെ എഐ വീഡിയോ നിര്‍മ്മാണ വിഭാഗമായ 'വീയോ' വഴി അവതരിപ്പിക്കാനിരുന്ന 'ഗൂഗിള്‍ ഫ്‌ലോ' പദ്ധതിയും ഈ നിയമനടപടികള്‍ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. എഐ മേഖലയില്‍ പേറ്റന്റും ട്രേഡ്മാര്‍ക്കും സംബന്ധിച്ച തര്‍ക്കങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പുതിയ ഉദാഹരണമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.
