'സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം, ഭരണവിരുദ്ധ വികാരമില്ല'; എം വി ഗോവിന്ദന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ശതമാനം ഉയര്‍ന്നെന്ന് എം വി ഗോവിന്ദന്‍
തിരുവന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചര്‍ച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ടു പോകുമെന്നും വോട്ടിങ് കണക്ക് നോക്കിയാല്‍ 60 നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കില്‍ തിരിച്ചു പിടിക്കാം.
ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ശതമാനം എല്‍ഡിഎഫിന് ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താന്‍ സാധിക്കും. വികസന നേട്ടങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ വര്‍ഗീയ പ്രചരണത്തിലൂടെ വോട്ടു പിടിക്കാന്‍ ശ്രമിച്ചെന്നും തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച 41 വാര്‍ഡില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്, സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ് പരസ്പരം വോട്ടു കൈമാറ്റം നടന്നിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫിന്റേയും ബിജെപിയുടെയും വോട്ട് ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരേ കള്ള പ്രചാരണങ്ങള്‍ നടത്തുന്നു. മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് തിരിച്ചുവരാന്‍ കഴിയുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. സര്‍ക്കാരിനെതിരേ എന്തെങ്കിലും ചൂണ്ടിക്കാട്ടി വോട്ടു നേടാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.
വിശ്വാസികളെ കബളിപ്പിച്ച് വോട്ടു നേടാനാണ് അവര്‍ ശ്രമിച്ചത്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള പ്രചാരവേലകളാണ് നടത്തിയത്. എല്‍ഡിഎഫും യുഡിഎഫുമായി മല്‍സരം നടന്നയിടത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ മല്‍സരം നടന്നയിടത്ത് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. കാശുകൊടുത്ത് വോട്ടു വാങ്ങുക എന്ന രീതിയാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
