കൊച്ചി: പവന് വില ഒരു ലക്ഷം രൂപ പിന്നിട്ടിട്ടും സ്വര്‍ണവില ഉയര്‍ച്ച തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,735 രൂപയായി. പവന് 280 രൂപ വര്‍ധിച്ച് 1,01,880 രൂപയായി. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും വില വര്‍ധിച്ചു.
ആഗോള വിപണിയിലും സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. ഔണ്‍സിന് 4,494 ഡോളറായാണ് ഇന്ന് വില എത്തിയത്. 1.36 ശതമാനത്തിന്റെ നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയത്. ഏകദേശം 60 ഡോളറിന്റെ വര്‍ധനവാണ് ഇന്ന് മാത്രം സ്വര്‍ണത്തിന് ഉണ്ടായത്.
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം സംഭരിക്കുന്നതുമാണ് വില ഉയരാന്‍ കാരണമായ പ്രധാന ഘടകങ്ങള്‍. അതേസമയം, യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇന്ന് 0.8 ശതമാനത്തിന്റെ വര്‍ധനവാണ് ഫ്യൂച്ചര്‍ നിരക്കില്‍ രേഖപ്പെടുത്തിയത്.