വൈക്കം മഹാദേവക്ഷേത്രത്തിലും സ്വര്‍ണമോഷണമെന്ന് റിപോര്‍ട്ട്

Update: 2025-10-14 06:55 GMT

എറണാകുളം: വൈക്കം മഹാദേവക്ഷേത്രത്തിലും സ്വര്‍ണമോഷണമെന്ന് റിപോര്‍ട്ട്. 255 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ഓഡിറ്റ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. കാണിക്ക ഇനത്തില്‍ ലഭിച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്നതാണ് വിവരം. ഹൈക്കോടതിയില്‍ നല്‍കിയ ഓഡിറ്റ് റിപോര്‍ട്ടിലാണ് പരാമര്‍ശം ഉള്ളത്.

അതേസമയം, ശബരിമലയിലെ സ്വര്‍ണമോഷണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇന്നുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും നടപടിയെന്നും പ്രശാന്ത് പറഞ്ഞു.

സ്മാര്‍ട്ട് ക്രിയേഷനില്‍ രേഖകള്‍ കാണാതായ സംഭവം എസ്ഐടി സംഘം അന്വേഷിക്കട്ടെയെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും പ്രശാന്ത് പറഞ്ഞു. വിഷയത്തില്‍ ആര് കുറ്റവാളിയായാലും തക്കതായ ശിക്ഷ ലഭിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വര്‍ണ കൊള്ള മകരവിളക്ക് തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്നും അത് ഭംഗിയായി നടക്കുമെന്നും പ്രശാന്ത് കൂട്ടിചേര്‍ത്തു.

Tags: