ബെംഗളൂരു: സ്വര്‍ണ്ണക്കടത്തു കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് 102 കോടി രൂപ പിഴ ചുമത്തിയത്. നടിക്കൊപ്പം മറ്റു മൂന്നുപേര്‍ക്കും 50 കോടിയിലധികം രൂപ പിഴ ചുമത്തി. ബെംഗളൂരു സെന്‍ട്രല്‍ ജയിലിലുള്ള നടിക്കും മറ്റു മൂന്നുപേര്‍ക്കും 2,500 പേജുള്ള പിഴ നോട്ടീസ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച നല്‍കി. മാര്‍ച്ച് നാലാം തീയതി 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രന്യയെ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പിടിയിലായത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തിലൊളിപ്പിച്ചും കടത്താന്‍ ശ്രമിച്ചെന്നാണ് കേസ്.