കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ചൊവ്വാഴ്ച വൈകുന്നേരം പവന് 92,280 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് രാവിലെ 240 കുറഞ്ഞ് 92,040 രൂപയായി. ഗ്രാമിന് 11,535രൂപയില്‍ നിന്ന് 30 കുറഞ്ഞ് 11,505 രൂപയായി.
ചൊവ്വാഴ്ച രാവിലെ പവന് 92,600 എന്ന നവംബര്‍ മാസത്തിലെ റെക്കോഡ് നിരക്ക് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പവന് 320 രൂപയും ഗ്രാമിന് 40രൂപയും കുറഞ്ഞ് 92,280 രൂപയായി. അതില്‍ നിന്ന് ബുധനാഴ്ച വീണ്ടും ചെറിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഇതിനൊപ്പം യുഎസ് ഷട്ട്ഡൗണും സ്വര്‍ണവിലയെ സ്വാധീനിക്കും. അന്താരാഷ്ട്ര വിപണിയിലും വില മാറ്റങ്ങള്‍ തുടരുകയാണ്. ഒക്ടോബര്‍ 17നു ഔണ്‍സിന് 4,380 ഡോളര്‍ എത്തിയ സ്വര്‍ണവില പിന്നീട് 3,885 ഡോളര്‍ വരെ താഴ്‌ന്നെങ്കിലും പിന്നീട് വീണ്ടും 4,000 ഡോളര്‍ കടന്ന് 4,150 ഡോളര്‍ വരെ ഉയര്‍ന്നു.
കഴിഞ്ഞ 15 വര്‍ഷങ്ങളിലെ നിരക്കുകള്‍ പ്രകാരം ഒക്ടോബറില്‍ വില താഴ്ന്ന് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ശരാശരി 10 മുതല്‍ 20 ശതമാനം വരെ ഉയരുന്ന പ്രവണതയാണ് വിപണിയില്‍ സാധാരണമായികാണുന്നത്.