കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നു. ഇന്ന് 1,01,600 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. 1,760 രൂപയുടെ പ്രതിദിന വര്‍ധനവ് പവന് രേഖപ്പെടുത്തിയപ്പോള്‍ ഒരു ഗ്രാമിന് 220 രൂപ വര്‍ധിച്ച് 12,700 രൂപയായി. ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്ന സ്വര്‍ണവില ഒരുവര്‍ഷംകൊണ്ടാണ് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്. സ്വര്‍ണവിലയിലെ മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രിയരെയും പ്രതിസന്ധിയിലാക്കി.
നിലവിലെ വിലക്കുതിപ്പില്‍ ഒരു പവന് 1.13 ലക്ഷം രൂപയ്ക്കു മുകളില്‍ നല്‍കണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്ന നിരക്കാണിത്. പണിക്കൂലി മാറുന്നതിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
ഒരു ട്രോയ് ഔണ്‍സ് അന്താരാഷ്ട്ര വില 4,400 ഡോളര്‍ കടന്ന് 4,411 ഡോളര്‍ എന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം. 4,421 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ രണ്ടുതവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. കൂടാതെ, അമേരിക്കയിലെ തൊഴില്‍മേഖലയിലെ മാന്ദ്യം വേഗത്തിലാകുന്നതും കേന്ദ്രബാങ്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതും സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകും.