സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

Update: 2025-11-08 07:48 GMT

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമെന്ന നിലയിലാണ് വില തുടരുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറവുണ്ടായിരുന്നുവെങ്കിലും ഇന്ന് വില സ്ഥിരമായി തുടരുകയാണ്. റെക്കോര്‍ഡ് നിരക്കിലെത്തിയതിനു പിന്നാലെ വിലയില്‍ നേരിയ താഴോട്ടുള്ള പ്രവണതയാണ് സംസ്ഥാന വിപണിയില്‍ പ്രകടമാകുന്നത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,005.21 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി, വില 4,009.80 ഡോളറിലേക്ക് ഉയര്‍ന്നു. ഡോളര്‍ ഇന്‍ഡക്‌സിലെ ഇടിവാണ് ഇന്ത്യയടക്കമുള്ള വിപണികളില്‍ വില സ്ഥിരതയോ കുറവോ കാണാനുള്ള പ്രധാന കാരണമെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു.

വെള്ളിയുടെയും മറ്റു വിലപ്പെട്ട ലോഹങ്ങളുടെയും നിരക്കിലും ഉയര്‍ച്ചയുണ്ട്. സ്പോട്ട് സില്‍വര്‍ 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 48.31 ഡോളറായി. പ്ലാറ്റിനം 0.1 ശതമാനം വര്‍ധിച്ച് 1,543 ഡോളറിലേക്കും പല്ലേഡിയം 1.5 ശതമാനം ഉയര്‍ന്ന് 1,395.49 ഡോളറിലേക്കുമെത്തി.

യുഎസ് സാമ്പത്തിക സ്ഥിതിയും ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനം തന്നെയാകും അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുക. സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട നിര്‍ണായക കണക്കുകള്‍ അടുത്ത ആഴ്ച പുറത്തുവരുമെന്നാണ് സൂചന.

Tags: