സ്വര്‍ണപ്പാളി മറിച്ചുവിറ്റു; ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ട് കോടതിയില്‍
കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലന്‍സിന്റെ റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയിലെ സ്വര്‍ണപ്പാളി മറിച്ചുവിറ്റു എന്ന സംശയമാണ് നിലവില്‍ ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ടിലുള്ളത്. ഇതിന് ഇടനിലക്കാരനായി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രവൃത്തിച്ചു എന്നാണ് റിപോര്‍ട്ട്.
24 കാരറ്റ് സ്വര്‍ണമാണ് 1999ല്‍ വിജയ് മല്യ പൊതിഞ്ഞുനല്‍കിയത്. ദ്വാരപാലക ശില്പങ്ങളിലുള്‍പ്പടെ സ്വര്‍ണം പൊതിഞ്ഞിരുന്നത്രേ. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല എന്നും റിപോര്‍ട്ടില്‍ പറയുന്നു. വിഷയത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് റിപോര്‍ട്ടിലുള്ളത്.
വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണെന്നും രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സത്യം പുറത്തു വരുന്നത് വരെ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും എസ്ഐടിയെ സ്വതന്ത്രമായി വിടൂ എന്നും കോടതി പറഞ്ഞു.
