നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴു പേര്‍ പിടിയില്‍

Update: 2025-12-28 15:40 GMT

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം നടത്തിയ ഏഴു പേര്‍ പിടിയില്‍. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്. വനം ഇന്റലിജന്‍സും റേഞ്ച് ഓഫീസറും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മണല്‍ ഊറ്റിയാണ് സ്വര്‍ണം അരിച്ചെടുത്തിരുന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയത്. റസാക്, ജാബിര്‍, അലവികുട്ടി, അഷറഫ്, സക്കീര്‍, ഷമീം, സുന്ദരന്‍ എന്നിവരേയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

നിലമ്പൂര്‍ വനമേഖലയില്‍ മരുത ഭാഗം മുതല്‍ നിലമ്പൂര്‍ മോടവണ്ണ വരെയുള്ള ചാലിയാര്‍ പുഴയുടെ ഭാഗങ്ങളില്‍ മണലില്‍ സ്വര്‍ണത്തിന്റെ അംശമുണ്ട്. നിലമ്പൂര്‍ റേഞ്ച് പനയങ്കോട് സെക്ഷന്‍ പരിധിയില്‍ ആയിര വല്ലികാവ് മേഖലയില്‍ വച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പ്രതികള്‍ സ്വര്‍ണം അരിച്ചെടുക്കുകയായിരുന്നു. പ്രതികള്‍ കുറേയധികം ദിവസങ്ങളായി വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ സൂരജ് വേണുഗോപാലും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ കുറേ മാസങ്ങളായി ഖനനം നടത്തിവരികയാണെന്ന് പ്രതികള്‍ മൊഴി നല്‍കി.