''ആത്മീയ യാത്രകള്‍ ടിടിഇമാര്‍ തടസപ്പെടുത്തി'' റെയില്‍ പാളത്തില്‍ കല്ലുകള്‍ കൊണ്ടിട്ട 'ആള്‍ദൈവം' അറസ്റ്റില്‍

ഹൈദരാബാദ്: തമിഴ്‌നാട്ടിലും തെലങ്കാനയിലും റെയില്‍ പാളങ്ങളില്‍ കല്ലും കട്ടയും കൊണ്ടുവച്ചയാള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ 'ആള്‍ ദൈവം' ഓം എന്ന വിജയകുമാറാണ് അറസ്റ്റിലായത്. ദൈവതുല്യനായ തന്റെ ആത്മീയയാത്രകളെ റെയില്‍ അധികൃതര്‍ തടസപ്പെടുത്തിയതാണ് പ്രവൃത്തികള്‍ക്ക് കാരണമെന്ന് പ്രതി പോലിസിന് മൊഴി നല്‍കി. ടിക്കറ്റ് എടുക്കാത്തതിന് പലപ്പോഴും ടിടിഇമാര്‍ പ്രതിയെ ട്രെയ്‌നില്‍ നിന്നും പുറത്താക്കിയിരുന്നു.
ഏപ്രില്‍ 26നും 29നും ഇടയില്‍ ആവഡി, അമ്പത്തൂര്‍, അരക്കോണം എന്നിവിടങ്ങളില്‍ നടന്ന തുടര്‍ച്ചയായ അട്ടിമറി ശ്രമങ്ങള്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്‍ഐഎയും അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. കാശിഗുഡയ്ക്കും ബുദ്‌വെലിനും ഇടയിലുള്ള ട്രാക്കുകളില്‍ കൃത്രിമം കാണിച്ചതിനാണ് ഇയാളെ തെലങ്കാന പോലിസ് പിടികൂടിയത്. ആത്മീയ യാത്രയില്‍ ആള്‍ദൈവങ്ങള്‍ക്ക് ടിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു പ്രതിയുടെ വിശ്വാസമെന്ന് പോലിസ് പറയുന്നു. കാരണം റെയില്‍ നിയമങ്ങളൊന്നും ആള്‍ദൈവങ്ങള്‍ക്ക് ബാധകമല്ലത്രെ. അരക്കോണത്ത്, ആറ് റെയില്‍ ജോയിന്റുകളില്‍ പ്രതി ലോഹ ദണ്ഡുകളും കല്ലുകളും സ്ഥാപിച്ചിരുന്നു. തിരുപ്പതി-പുതുച്ചേരി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് സിഗ്‌നല്‍ അപാകത ശ്രദ്ധിക്കുകയും കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തതിനാല്‍ മാത്രമാണ് അപകടം ഒഴിവായത്. പ്രതിയെ ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ പുഴല്‍ ജയിലിലാണുള്ളത്.